District News
എടത്വ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ ആനപ്രമ്പാല്‍ വെട്ടുതോട് പാലത്തിനു സമീപം നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതിപോസ്റ്റില്‍ ഇടിച്ച് യുവാക്കള്‍ക്കു പരിക്ക്. കളങ്ങര കോട്ടവിരുത്തില്‍ രഞ്ചു, നീരേറ്റുപുറം സ്വദേശി ഉമേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ പുലര്‍ച്ചെ രണ്ടിനാണ് അപകടം. കൈയും കാലും ഒടിഞ്ഞ രഞ്ചുവിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഉമേഷിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ എന്ജിന് ഉള്‍പ്പെടെ തകര്‍ന്നു. ആലപ്പുഴയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത യുവാക്കള്‍ വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് അപകടം. എടത്വ പോലീസ് മേല്‍നടപടി സ്വീകരിച്ചു. ഈ പ്രദേശത്ത് അപകടം നിത്യസംഭവമായി മാറിയിട്ടുണ്ട്. ചെറുതും വലുതുമായി പത്തിലേറെ അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.
District News
അടൂര്‍: രണ്ട് കാറുകളും പെട്ടിഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്. മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി രാജീവ് (47), ഇദ്ദേഹത്തിന്റെ അസിസ്റ്റന്റ് അഖിലേഷ് (30), കാര്‍ ഡ്രൈവര്‍ അനുരാജ് (34), എന്നിവര്‍ക്കും രണ്ടാമത്തെ കാറിലുണ്ടായിരുന്ന ആലപ്പുഴ രാമങ്കരി സ്വദേശികളായ സുബിന് (40), പുളിമൂട്ടില്‍ നിതിന്‍ (40), ജിജോ സണ്ണി (44) എന്നിവര്‍ക്കും പെട്ടിഓട്ടോറിക്ഷാ ഡ്രൈവര്‍ മണക്കാല തുവയൂര്‍ നോര്‍ത്ത് അയണിവിളയില്‍ സുദര്ശനന് (67) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 11.20ന് മണക്കാല താഴത്തുമണ്‍ ജംഗ്ഷനു സമീപത്തായിരുന്നു അപകടം. പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ ശാസ്താംകോട്ട ഭാഗത്തുനിന്നെത്തിയ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഔദ്യോഗിക വാഹനത്തിനൊപ്പം മറ്റൊരു കാറില്‍ എത്തിയതായിരുന്നു മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയും സംഘവും. പെട്ടിഒട്ടോയും ഇതേ ദിശയില്തന്നെയായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ കാര്‍ അടൂരില്‍നിന്നു കടമ്പനാട് ഭാഗത്തേക്ക് പോകുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.
Kerala
കോട്ടയം: കറുകച്ചാലിന് സമീപം ചമ്പക്കരയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മംഗലാപുരം സ്വദേശി സിബി (38) ആണ് മരിച്ചത്. കോഴഞ്ചേരി-കോട്ടയം റൂട്ടിൽ ചമ്പക്കര ആശ്രമം പടിക്ക് സമീപമാണ് അപകടമുണ്ടായത്. എറണാകുളം രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.
വൈകുന്നേരം 3.45 ഓടെയാണ് അപകടമുണ്ടായത്. തോട്ടിലേക്ക് മറിഞ്ഞ കാറിന്റെ വാതിലുകൾ ലോക്കയതോടെ ഓടിക്കൂടിയ നാടുക്കാർ ചില്ല് തകർത്താണ് ആളുകളെ പുറത്തെത്തിച്ചത്.
തോടിന് സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ ഇവിടെ അപകടം പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു. കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
National
ചണ്ഡിഗഡ്: പഞ്ചാബിൽ ട്രെയിൻ കടന്നുപോകവേ റെയിൽവേ ട്രാക്കിൽ സ്ഫോടനം. ട്രാക്കിനു കേടുപാടുണ്ടായി സംഭവത്തിൽ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റിനു പരിക്കേറ്റു.
സംഭവം അട്ടിമറിയാണെന്നു സംശയമുണ്ട്. ഫത്തേഗഡ് സാഹിബ് ജില്ലയിലെ സിർഹിന്ദ് റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു സംഭവം.
വെള്ളിയാഴ്ച രാത്രി 9.50ന് ഖാൻപുർ ഗ്രാമത്തിലൂടെ ട്രെയിൻ കടന്നുപോകുമ്പോഴാണ് സ്ഫോടനമുണ്ടായത്.
ചരക്ക് തീവണ്ടികൾ കടന്നുപോകുന്ന പാളമായിരുന്നു ഇത്. ട്രെയിൻ എൻജിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലോക്കോ പൈലറ്റിന്റെ മുഖത്താണു പരിക്കേറ്റത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: പറവൂരില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. പറവൂര്‍ മുന്‍സിപ്പല്‍ കവലയില്‍ വച്ചാണ് അപകടം നടന്നത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പറവൂര്‍ സ്വദേശി ശ്രീലാലിനും കുടെയുണ്ടായിരുന്ന കുട്ടിക്കുമാണ് പരിക്കുപറ്റിയത്.
ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറവൂര്‍ മാര്‍ക്കറ്റില്‍ പച്ചമരുന്ന് വ്യാപാരം നടത്തിവരികയാണ് ശ്രീലാല്‍.
District News
പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിൽ കത്തിക്കുത്തിൽ രണ്ടുപേർക്ക് പരിക്ക്.കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് സംഭവം. കൈപ്പാങ്കണ്ടി ഹമീദ്, അനിയൻ സൂപ്പി എന്നിവരെയാണ് സൂപ്പിയുടെ മകളുടെ ഭർത്താവ് കടിയങ്ങാട് പുറവൂർ സ്വദേശി അലി കുത്തി പരിക്കേൽപ്പിച്ചത്. സൂപ്പിയുടെ വീട്ടിൽ കയറിയാണ് ആക്രമണം നടത്തിയത്.
കുത്തേറ്റ ഹമീദിന്റെ കുടൽ പുറത്തുവന്ന നിലയിലായിരുന്നു. ഹമീദിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും സൂപ്പിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം അലി വാഹനത്തിൽ കടന്നുകളഞ്ഞു. കുടുംബ വഴക്കിനെ തുടർന്ന് ഇതിനു മുന്‍പും അലി വീട് ആക്രമിച്ചിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ പെരുവണ്ണാമൂഴി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കിശ്ത്വാഡിലുള്ള സോനാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് സൈനികർക്ക് പരുക്കേറ്റു. സേനയുടെ വൈറ്റ് നൈറ്റ് കോറും ജമ്മു കാഷ്മീർ പോലീസും സംയുക്തമായി നടത്തിയ ഭീകരവിരുദ്ധ നടപടികൾക്കിടെ ജയ്ഷെ മുഹമ്മദ് ഭീകരരിൽനിന്ന് വെടിവയ്പുണ്ടായത്.
ഭീകരർ ഗ്രനേഡുകൾ പ്രയോഗിച്ചപ്പോഴാണ് സൈനികർക്കു പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ വൈകിട്ട് അവസാനിച്ചു.
ഈ വർഷം ജമ്മു മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. കത്വ ജില്ലയിലെ ബില്ലവാർ പ്രദേശത്തെ കഹോഗിൽ ജനുവരി ഏഴിനും നജോട്ട് മേഖലയിൽ 13 നും ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു.
District News
വെള്ളരിക്കുണ്ട്: തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ ലോഡിംഗ് തൊഴിലാളികൾക്ക് പരിക്ക്. വെള്ളരിക്കുണ്ട് ടൗണിലെ ലോഡിംഗ് തൊഴിലാളികളായ ടി.എൻ. ഗിരീഷ്, ബിനു സെബാസ്റ്റ്യൻ എന്നിവർക്കാണ് തേനീച്ചകളുടെ കുത്തേറ്റത്.
ഇന്നലെ വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. വെള്ളരിക്കുണ്ട് താലൂക്ക് ജംഗ്ഷനു സമീപത്തുള്ള കടയിൽ നിന്നും ലോഡ് ഇറക്കി തിരികെ നടന്നുവരുമ്പോഴാണ് ഇവരെ പെരുംതേനീച്ചക്കൂട്ടം ആക്രമിച്ചത്. ഇരുവരെയും വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
ചങ്ങരംകുളം:മൂക്കുതലയില്‍ കണ്ണേങ്കാവ് ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരന് കല്ലേറില്‍ പരിക്കേറ്റു. മൂക്കുതല മാക്കാലി ഭാഗത്ത് പുലര്‍ച്ചെ ഉണ്ടായ വരവുകള്‍ക്കിടെയാണ് ഇരുവിഭാഗം തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.
സംഭവം അറിഞ്ഞ് സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് എത്തി ഇരു വിഭാഗങ്ങളെയും പിരിച്ച് വിടുന്നതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പെരുമ്പടപ്പ് സ്റ്റേഷനിലെ സുജിത്ത് എന്ന പോലീസുകാരന് കല്ലേറില്‍ പരിക്കേറ്റത്.
തലക്ക് പൊട്ടലേറ്റ സുജിത്തിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. ഉത്സവത്തിനിടെ ലഹള ഉണ്ടാക്കി പോലീസിനെ അക്രമിച്ച് ഗുരുതമായി പരിക്കേല്പിച്ച വകുപ്പുകള്‍ ചുമത്തി ചങ്ങരംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ ഇരു വിഭാഗത്തിലും പെട്ട ഒമ്പത് പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തില്‍ പോലീസ് വലിയ സുരക്ഷയിലാണ് ഉത്സവം നടന്നത്.
Kerala
തിരുവനന്തപുരം: വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 17വിദ്യാർഥികൾക്ക് പരിക്ക്. ശനിയാഴ്ച പുലർച്ചെ കല്ലമ്പലം നാവായിക്കുളം യെദുക്കാടുണ്ടായ അപകടത്തിൽപ്പെട്ടവരെ പാരിപ്പള്ളി മെഡിക്കൽ കോളജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തൃശൂർ കൊടകര എംബിഎ കോളജിൽ നിന്നും പഠനയാത്രയ്ക്കായി പുറപ്പെട്ട വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. 40 ഓളം വിദ്യാർഥികളും അധ്യാപകരുമായിരുന്നു ബസിലുണ്ടായിരുന്നത്.
ദേശീയപാതയിൽ ബൈപാസിന്റെ പണി നടക്കുന്നതിനാൽ സർവീസ് റോഡ് വഴി വന്ന ബസിന്റെ ചക്രങ്ങൾ മണ്ണിൽ പുതഞ്ഞതാണ് അപകടകാരണം. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കാട്ടാക്കട: മൈലോട്ടുമൂഴിയിൽ രണ്ട് ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ശാന്ത എന്ന സ്ത്രീയുടെ കൈയ്ക്കു ഗുരുതരമായി പരിക്കേറ്റു. കൈവിരലുകൾ അറ്റുപോകാറായ സ്ഥിതിയിലായിരുന്നു.
ഒരു ഓട്ടോറിക്ഷ മറ്റൊരു ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇറക്കവും വളവും കൂടിയ റോഡ് ഭാഗമായതിനാൽ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വാഹനങ്ങൾ തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇറക്കവും വളവും അപകടത്തിന്റെ തീവ്രത കൂട്ടിയതായി പോലീസ് അറിയിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മറ്റു ചിലർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ഉടൻതന്നെ വിവിധ ആശുപത്രികളിലേക്കു മാറ്റി.
Kerala
കണ്ണൂർ: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ വീണ് ഗുജറാത്ത് സ്വദേശിയായ അധ്യാപികയ്ക്കു ഗുരുതരമായി പരിക്കേറ്റു.
യാത്രയ്ക്കിടെ കുടിവെള്ളം വാങ്ങാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഗുജറാത്തിലെ സൂററ്റ് സ്വദേശിനി രോഹിണി (30)ക്കാണു പരിക്കേറ്റത്.
നട്ടെല്ലിനു പരിക്കേറ്റ ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
വിദ്യാർഥികൾക്കൊപ്പം എറണാകുളത്തേക്ക് വിനോദയാത്ര പോകുകയായിരുന്നു. പരിക്കേറ്റ അധ്യാപികയെ റെയിൽവേ പോലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റെയിൽവേ പോലീസ് കേസെടുത്തു.
Kerala
തിരുവനന്തപുരം: നിർത്തിയിട്ട ലോറിക്കു പിന്നിൽ ഓട്ടോറിക്ഷയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ആറ്റിങ്ങൽ ദേശീയപാതയിൽ എൽഐസി ഓഫീസിന് സമീപത്തുവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അപകടം. കോരാണി ഭാഗത്തുനിന്നും കല്ലമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തെ തുടർന്ന് ഓട്ടോറിക്ഷയിൽ കുടുങ്ങിയവരെ വാഹനം പൊളിച്ചാണ് പുറത്തെടുത്തത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പത്താം ക്ലാസ് വിദ്യാർഥിനിക്ക് പരിക്ക്. ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലുണ്ടായ സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. എങ്ങനെയാണ് വിദ്യാർഥി രണ്ടാം നിലയിൽ നിന്ന് വീണതെന്ന് വ്യക്തമല്ല. വിദ്യാർഥിയുടെ തുടയെല്ലിനും കൈക്കും പരിക്കുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ ആറ്റിങ്ങല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Sports
മാഡ്രിഡ്: സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയ്ക്കു പരിക്ക്. ടീം പരിശീലനത്തിനിടെ താരത്തിന്റെ കാല്‍മുട്ടിനു പരിക്കേറ്റതായി ക്ലബ് അറിയിച്ചു. 2025-26 സീസണില്‍ റയല്‍ മാഡ്രിഡിനായി മികച്ച പ്രകടനമായിരുന്നു എംബപ്പെ കാഴ്ചവച്ചത്.
വിവിധ കോമ്പറ്റീഷനുകളിലായി 24 മത്സരങ്ങളില്‍നിന്ന് 29 ഗോള്‍ നേടുകയും അഞ്ച് അസിസ്റ്റ് നടത്തുകയും ചെയ്തിരുന്നു. 27കാരനായ താരം ഈ സീസണ് ലാ ലിഗയില്‍ 18 മത്സരങ്ങളില്‍നിന്ന് 18 ഗോള്‍ സ്വന്തമാക്കി. ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും എംബപ്പെയ്ക്കു വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.
സ്പാനിഷ് ലാ ലിഗയിൽ റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം ഞായറാഴ്ച റയൽ ബെറ്റിസിന് എതിരേയാണ്. ഇന്ത്യൻ സമയം രാത്രി 8.45നാണ് മത്സരത്തിന്റെ കിക്കോഫ്. ലീഗിൽ 18 മത്സരങ്ങൾ പൂർത്തിയായപ്പോൾ 42 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. 46 പോയിന്റുമായി എഫ്സി ബാഴ്സലോണയാണ് ലീഗിന്റെ തലപ്പത്ത്.
Kerala
കല്‍പ്പറ്റ: കൃഷിയിടത്തിൽ നിൽക്കുകയായിരുന്ന യുവാവിനെ കാട്ടാന ആക്രമിച്ചു. സുൽത്താൻ ബത്തേരി നൂൽപ്പുഴയിലുണ്ടായ സംഭവത്തിൽ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണി (42) ആണ് പരിക്കേറ്റത്.
തന്റെ കൃഷിയിടത്തിനു കാവൽ നിൽക്കുമ്പോഴാണ് മണിക്കുനേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ഉടൻ തന്നെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിയെ പിന്നീട് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മണിയുടെ വാരിയെല്ലുകൾക്കും കാലുകൾക്കും പൊട്ടലുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.
District News
മൂവാറ്റുപുഴ: കൊച്ചി - ധനുഷ്കോടി ദേശീയപാതയില്‍ ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. തൊടുപുഴ ഉടുമ്പന്നൂര്‍ ആമിക്കുടിയില് ആലീസ് ജോസഫി(55)നാണ് പരിക്കേറ്റത്. കടാതി ഷാപ്പുംപടിയില്‍ ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു അപകടം.
മൂവാറ്റുപുഴയില്‍ നിന്ന് കോലഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ആലീസ് തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ആലീസിനെ ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala
കൊച്ചി: ആട് മൂന്ന് ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തിൽ നടൻ വിനായകന് പരിക്ക്. ജീപ്പ് ഉപയോഗിച്ചുള്ള സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്.
തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എംആര്‍ഐ സ്കാനിൽ പേശികള്‍ക്ക് സാരമായ ക്ഷതം കണ്ടെത്തിയതോടെ ഡോക്ടർമാർ ആറാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചു.
മിഥുൻ മാനുവൽ തോമസ് രചിച്ച് സംവിധാനം ചെയ്യുന്ന ആട് മൂന്ന് എന്ന ബിഗ് ബജറ്റ് എപിക് ഫാന്റസി ചിത്രം 2026 മാർച്ച് 19ന് പ്രദർശനത്തിനെത്തും.
Kerala
കോഴിക്കോട്: വടകര പുതുപ്പണത്ത് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇരിങ്ങൽ സ്വദേശി അറുവയൽ രാജീവൻ (52) ആണ് മരിച്ചത്.
ഇരിങ്ങൽ മനയൻകോട്ട് മനേഷ് (46) മനേഷിന്റെ മകൻ അലൻ (7) എന്നിവർക്കാണ് പരിക്കേറ്റത്. മനേഷിന്റെ പരിക്ക് ഗുരുതരമാണ്.
തലശേരി ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. വടകര കീഴൽമുക്കിലെ ബന്ധുവീട്ടിൽ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു സ്കൂട്ടർ യാത്രക്കാർ.
Kerala
തിരുവനന്തപുരം: സ്കൂൾ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾക്കും കാർ ഡ്രൈവർക്കും പരിക്ക്. തിങ്കളാഴ്ച വൈകുന്നേരം നാലിന് കഴക്കൂട്ടത്തുവച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവർ മേനംകുളം സ്വദേശി അലക്സാണ്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർഥികളുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു. കഴക്കൂട്ടം സർവീസ് റോഡ് നിന്നും ദേശീയപാതയിലേക്ക് കയറിയ കാറിനെ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. ബസ് കാറിനെ ഇടിച്ചശേഷം ഏറെ ദൂരം നിരങ്ങിപ്പോയശേഷമാണ് നിന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കഴക്കൂട്ടം പോലീസ് കേസെടുത്തു. അപകടത്തെ തുടർന്ന് സർവീസ് റോഡിൽ വൻ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.
Kerala
കോട്ടയം: എംസി റോഡിൽ ചങ്ങനാശേരി ളായിക്കാട്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക് വന്ന ഓർഡിനറി ബസും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറെയും രണ്ട് യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
സൂപ്പർ ഫാസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് സൂചന.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Kerala
കോട്ടയം: സ്വകാര്യ ബസ് കാറിലിടിച്ചുണ്ടായ അപകടത്തിൽ മുൻ എംഎൽഎയും കേരള കോൺഗ്രസ് - എം നേതാവുമായ സ്റ്റീഫൻ ജോർജിന് പരിക്ക്. കടുത്തുരുത്തിയിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്റ്റീഫൻ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ നിർത്തി റോഡിലേക്ക് ഇറങ്ങുമ്പോൾ പിന്നാലെയെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം കാറുമായി ബസ് 200 മീറ്ററോളം മുന്നോട്ടുപോയി. സംഭവത്തിനുശേഷം ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
ഓടിക്കൂടിയ നാട്ടുകാരാണ് കാറിനുള്ളിൽ കുടുങ്ങിയ സ്റ്റീഫൻ ജോർജിനെ ആശുപത്രിയിലെത്തിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
National
അഹമ്മദാബാദ്: റൈസിൻ ഭീകരാക്രമണ ഗൂഢാലോചന കേസിൽ അറസ്റ്റിലായ പ്രതി ഡോ. അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദിന് തടവുകാരുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്ക്. അഹമ്മദാബാദിലെ അതീവ സുരക്ഷയുള്ള സബർമതി സെൻട്രൽ ജയിലിൽ മൂന്ന് വിചാരണ തടവുകാരുമായാണ് ഇയാൾ ഏറ്റുമുട്ടിയത്.
സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജയിൽ സൂപ്രണ്ട് ഗൗരവ് അഗർവാൾ പറഞ്ഞു. സയ്യിദിന്റെ പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"ചില അജ്ഞാതമായ കാരണങ്ങളാൽ, സയ്യിദും മറ്റ് മൂന്ന് തടവുകാരും തമ്മിൽ ഒരു വഴക്കുണ്ടായി. പരിക്കേറ്റ സയ്യിദിനെ വൈദ്യപരിശോധനയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി, തുടർന്ന് ജയിലിലേക്ക് തിരികെ കൊണ്ടുവന്നു'.-അഗർവാൾ അറിയിച്ചു.
ഹൈദരാബാദ് നിവാസിയായ സയ്യിദ്, ആയുധങ്ങളും റൈസിൻ എന്ന മാരക വിഷവും ഉപയോഗിച്ച് വലിയ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയിരുന്നു. സയ്യിദ് ഉൾപ്പടെ മൂന്നുപേരെ നവംബർ എട്ടിന് ഗുജറാത്ത് എടിഎസ് ആണ് അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിനിടെ, ഹൈദരാബാദിലെ സയ്യിദിന്റെ വീട്ടിൽ റെയ്ഡ് നടത്തി തിരിച്ചറിയാത്ത രാസവസ്തുക്കളും അസംസ്കൃത വസ്തുക്കളും എടിഎസ് പിടിച്ചെടുത്തു.
Kerala
കോഴിക്കോട്: നരിക്കാട്ടേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. മൂന്ന് പേര്‍ക്ക് മര്‍ദനമേറ്റു. സിപിഎം പാറയില്‍ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ സബിലാഷ്, സുധീഷ്, രജീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
മൂന്ന് പേരും നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തില്‍ ഒരു ബൈക്കും തകര്‍ത്തിട്ടുണ്ട്. സ്ഥാനാർഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് സംഭവമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം പഞ്ചായത്തംഗമായ സിപിഎം നേതാവ് പി.പി. ബാലകൃഷ്ണനും കുടുംബത്തിനും നേരെയാണ് അക്രമം നടന്നത്. ബ്രാഞ്ച് സെക്രട്ടറി സജീവന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അക്രമിച്ചതെന്നായിരുന്നു പരാതി.
സജീവന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിന് കാരണം ബാലകൃഷ്ണന്റെ കുടുംബത്തിന്റെ ഇടപെടലാണെന്ന് പറഞ്ഞ് ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുയര്‍ന്നിരുന്നു.
National
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനം അങ്ങേയറ്റം വേദനാജനകവും അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രാർഥിക്കുന്നതായും പറഞ്ഞു.
സ്ഫോടനത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദിയും എക്സിൽ കുറിച്ചു. ദുരിതബാധിതർക്ക് സഹായം ലഭ്യമാക്കുന്നുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷായുമായും മറ്റ് ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികൾ അവലോകനം ചെയ്തതായും മോദി വ്യക്തമാക്കി.
സ്ഫോടന വാർത്ത അങ്ങേയറ്റം ഹൃദയഭേദകവും ആശങ്കാജനകവുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നിരപരാധികളുടെ മരണം അങ്ങേയറ്റം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടൊപ്പം നിലകൊള്ളുന്നതായും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തി നമ്മുടെ രാജ്യത്തിനും അവിടുത്തെ ജനങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഡൽഹിയിലെ ജനങ്ങളോടൊപ്പം കേരളം നിലകൊള്ളുമെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
ഈ ഹീനകൃത്യത്തിന് പിന്നിലുള്ളവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രാജ്യത്തിന്റെ സമാധാനത്തിന് ഭീഷണിയാകുന്ന അത്തരം ശക്തികളെ പരാജയപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. എൽഎൻജെപി ആശുപത്രിയിലെത്തിയാണ് അമിത് ഷാ പരിക്കേറ്റവരെ കണ്ടത്ത്. ഉന്നത ഉദ്യോഗസ്ഥരും അമിത് ഷായ്ക്കൊപ്പം ആശുപത്രിയിലെത്തിയിരുന്നു.
ഉന്നത ഉദ്യോഗസ്ഥരുമായും അമിത് ഷാ സ്ഥിതിഗതികൾ ചർച്ച ചെയ്തു. സ്ഫോടനസ്ഥലവും അമിത് ഷാ സന്ദർശിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രിയുമായി അമിത് ഷാ ചർച്ചകൾ നടത്തിയിരുന്നു.
അതേസമയം സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് എൽഎൻജെപി ആശുപത്രി അധികൃതർ അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് രാത്രി 6.55ഓടെയാണ് അതീവ സുരക്ഷാ മേഖലയിൽ സ്ഫോടനം ഉണ്ടായത്. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് സംഭവം. മാരുതി ഈക്കോ വാൻ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം.
സ്ഫോടനത്തെ തുടർന്നു ആറോളം വാഹനങ്ങൾക്ക് തീപിടിച്ചു. വിവരമറിഞ്ഞ് ഡല്‍ഹി അഗ്നിരക്ഷാസേനയുടെ ഇരുപതോളം യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. തീ നിയന്ത്രണവിധേയമാക്കി.
ഡൽഹി പോലീസിന്റെ സ്പെഷല്‍ സെല്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. എൻഎസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. ഉഗ്രസ്ഫോടനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് മെട്രോസ്റ്റേഷന് പരിസരം പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലാക്കി. പ്രദേശത്തെയ്ക്കുള്ള ഗതാഗതവും നിരോധിച്ചു. മേഖലയില്‍നിന്നും ജനങ്ങളെയും ഒഴിപ്പിച്ചു. സംഭവത്തെ തുടർന്നു ഡൽഹിയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
Kerala
തിരുവനന്തപുരം: നിയന്ത്രണം വിട്ട് കാർ കുഴിയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് റോഡിലുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ കല്ലറ കുറ്റിമൂട് സ്വദേശി നിസാമുദീനാണ് ഗുരുതരമായി പരിക്കേറ്റത്.
നിയന്ത്രണം വിട്ട കാർ വീടിന്റെ മതിൽ തകർത്ത് 20 അടി താഴ്ചയിലേയ്ക്ക് തലകീഴായി മറിയുകയായിരുന്നു. ഗോകുലം മെഡിക്കൽ കോളജിലേക്ക് ഡോക്ടറെ കൊണ്ടു വിട്ട ശേഷം മടങ്ങുമ്പോഴായിരുന്നു കാർ അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കലയിൽ നടന്ന സംഭവത്തിൽ തിരുവനന്തപുരം വെള്ളറട സ്വദേശി സുരേഷ്കുമാറാണ് പിടിയിലായത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൊച്ചുവേളിയിൽ നിന്ന് പിടിയിലായ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലാണ് യുവതിക്കുനേരെ അതിക്രമമുണ്ടായത്. യുവതിയുടെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.
ട്രാക്കിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്. വർക്കലയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Kerala
തിരുവനന്തപുരം: വർക്കലയിൽ റെയിൽവേ ട്രാക്കിൽ പരിക്കേറ്റ നിലയിൽ യുവതിയെ കണ്ടെത്തി. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിൽ നിന്നാണ് യാത്രക്കാരി വീണത്.
അയന്തി മേൽപ്പാലത്തിനു സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ യുവതിയെ വർക്കലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ട്രാക്കിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്. എന്നാൽ എങ്ങനെയാണ് യുവതി വീണതെന്ന് വ്യക്തമല്ല. ആരോ തള്ളിയിട്ടതാണെന്ന സംശയമാണ് പോലീസിനുള്ളത്.
Kerala
തൃശൂര്‍: ദേശീയപാത കുട്ടനെല്ലൂരില്‍ പോലീസ് വാഹനം നിയന്ത്രണം തെറ്റി കാനയിലേക്ക് മറിഞ്ഞ് പോലീസുകാർക്ക് പരിക്ക്. എറണാകുളത്തു നിന്നും തൃശൂര്‍ പോലീസ് അക്കാദമിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
വാഹനത്തില്‍ ഉണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, ഡ്രൈവര്‍ പത്മകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബൈജു പൗലോസിന്റെ കൈക്ക് പൊട്ടലേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിൽ നടിയെ ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബൈജു പൗലോസ്.
Kerala
ഇടുക്കി: അടിമാലി കൂറ്റമ്പാറയിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ തകർന്ന വീടിനുള്ളിൽ അകപ്പെട്ട രണ്ടു പേരിൽ ഒരാളെ പുറത്തെത്തിച്ചു. കോൺക്രീറ്റ് പാളികൾക്കിടയിൽനിന്ന് അഞ്ച് മണിക്കുറിനുശേഷമാണ് സന്ധ്യയെ പുറത്തെത്തിച്ചത്.
സന്ധ്യയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. എന്നാൽ സന്ധ്യയുടെ കാലിന് പൊട്ടലുണ്ടെന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ബിജു അബോധാവസ്ഥയിലാണെന്നും ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. ബിജുവിനെ ഉടൻ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
രാത്രി പത്തരയോടെയാണ് വൻ തോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിക്കുകയായിരുന്നു. ബിജുവും സന്ധ്യം വീടിന്റെ ഹാളിൽ നിൽക്കുമ്പോഴാണ് മണ്ണിടിച്ചിലുണ്ടായത്.
National
ഉഡുപ്പി: ഉഡുപ്പി ബ്രഹ്മാവറിനു സമീപം നഞ്ചൂരിൽ ബൈക്കിനു കുറുകേ ചാടിയ പുള്ളിപ്പുലി ചത്തു. ബൈക്ക് യാത്രികനു ഗുരുതരമായി പരിക്കേറ്റു. നഞ്ചൂർ സ്വദേശി ഭാസ്കർ ഷെട്ടിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉഡുപ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോൾ പെട്ടെന്ന് ബൈക്കിനു മുന്നിലേക്കു പുള്ളിപ്പുലി ഓടിക്കയറുകയായിരുന്നു. ഭാസ്കറിന് വാഹനം നിയന്ത്രിക്കാൻ കഴിയുന്നതിനുമുമ്പ് വാഹനം പുലിയെ ഇടിച്ച് മറിഞ്ഞു.
കഴുത്തിനും തലയ്ക്കും പരിക്കേറ്റ പുലി അപ്പോൾത്തന്നെ ചത്തു. ഓടിക്കൂടിയ നാട്ടുകാരാണ് ഭാസ്കറിനെ ആശുപത്രിയിലെത്തിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ ജഡം പോസ്റ്റ്മോർട്ടത്തിനു ശേഷം മറവുചെയ്തു.
Kerala
കാസർഗോഡ്: കാർ ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ച് ഓട്ടോയിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് പരിക്കേറ്റതിനു പിന്നാലെ ഓട്ടോഡ്രൈവർ ജീവനൊടുക്കി. പള്ളഞ്ചിയിലെ അനീഷാണ് (43) ജീവനൊടുക്കിയത്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. ബേത്തൂർപാറയിൽനിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോയ്ക്ക് പിറകിലാണ് നിയന്ത്രണം വിട്ടവന്ന കാർ ഇടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന ബേത്തൂർ പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് പ്ലസ് വൺ വിദ്യാർഥികൾക്കായിരുന്നു പരിക്കേറ്റത്.
അപകടം നടന്ന ഉടൻ പള്ളഞ്ചിയിലെത്തിയ അനീഷ് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ആസിഡ് കുടിക്കുകയായിരുന്നു. നാട്ടുകാർ അനീഷിനെ ആദ്യം കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.